പ്രളയബാധിതര്‍ക്ക് വീട്: വാഗ്ദാനം പാലിക്കാനാവാതെ കെപിസിസി; 1000 വീടുകള്‍ നിര്‍മിക്കാനാവില്ലെന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആയിരം വീട് പദ്ധതി വിവാദത്തില്‍. പ്രളയബാധിതര്‍ക്ക് കെപിസിസി നല്‍കുമെന്ന് പറഞ്ഞ 1000 വീടുകള്‍ നല്‍കാനാവില്ലെന്ന് മുന്‍ അധ്യക്ഷന്‍ എംഎം ഹസ്സന്‍ പറഞ്ഞു. നിലവില്‍ 96 വീടുകള്‍ മാത്രമേ നിര്‍മ്മിക്കാനാവൂ എന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായിരുന്നു കെപിസിസി ലക്ഷ്യമിട്ടത്. അതിനായി 50 കോടി രൂപ കണ്ടെത്താനും കെപിസിസി തീരുമാനിച്ചിരുന്നു. നിരവധി ബുദ്ധിമുട്ടുകള്‍ പ്രകാരം ആഗ്രഹിച്ചതുപോലെ ഫണ്ട് ശേഖരിക്കാനായില്ല. പ്രധാന നേതാക്കള്‍ പോലും സംഭാവന നല്‍കിയില്ലെന്നും എം എം ഹസ്സന്‍ പറഞ്ഞു. വീട് നിര്‍മ്മാണത്തിനായി കെപിസിസിക്ക് ഇതുവരെ സംഭാവനയായി ലഭിച്ചത് മൂന്നരക്കോടി രൂപ മാത്രമാണെന്നും ആരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ ആയിരം വീട് പദ്ധതിയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കെപിസിസി മീഡിയ അംഗവും ഡിസിസി ജന. സെക്രട്ടറിയുമായ അഡ്വ. ബിആര്‍എം ഷഫീര്‍ കെപിസിസി ആയിരം വീട് സംബന്ധിച്ച് ചില കണക്കുകള്‍ പുറത്തുവിട്ടു. ആയിരം വീട് പദ്ധതിക്കായി കെപിസിസി പിരിച്ചെടുത്തത് 3.43 കോടി രൂപയാണെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കെപിസിസിയുടെ ഭവനപദ്ധതി പ്രകാരം സംസ്ഥാനത്ത് 42 വീടുകള്‍ കൈമാറി, 278 വീടുകളുടെ പണി പുരോഗമിക്കുന്നു, എറണാകുളം ജില്ലയിലെ എം എല്‍ എ മാര്‍ 27 വീടുകള്‍ കൈമാറി, ആലപ്പുഴ ജില്ലയില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ 47 വീടുകള്‍ പണിയുന്നതില്‍ 30 വീടുകള്‍ ഉടന്‍ നിര്‍മ്മാണമാരംഭിക്കും തുടങ്ങിയ വിവരങ്ങളാണ് അദ്ദേഹം പങ്കുവെക്കുന്നത്.

അതേസമയം അഞ്ചു മാസം മുമ്പ് അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന എം എം ഹസന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞ അതേ കണക്കാണ് ഷഫീര്‍ പുതിയ കണക്കായി അവതരിപ്പിച്ചത്. ഹസന്റെ കണക്കില്‍ അഞ്ചു മാസം മുന്നെ പണി നടന്നു കൊണ്ടിരുന്ന 278 വീടുകളുടെ നിര്‍മ്മാണം ഷഫീറിന്റെ കണക്കിലും അങ്ങനെതന്നെ. മാത്രമല്ല കണക്കില്‍പ്പെടുത്തി പറഞ്ഞിരിക്കുന്ന വീടുകള്‍ ഒക്കെ പണിതിരിക്കുന്നത് പല പ്രവാസി സഘടനകളുടേയും കോര്‍പ്പറേറ്റ് കമ്പനികളുടേയും ഫണ്ട് ഉപയോഗിച്ചും അവരുടെ സ്പോണ്‍സര്‍ഷിപ്പിലുമാണ്. കെപിസിസി നടത്തിയ പിരിവിനെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് ന്യായീകരണവുമായി വന്ന ഷമീറും പഴയ കണക്കുകള്‍ തന്നെ ആവര്‍ത്തിച്ചതോടെ പദ്ധതി വിവാദമായി മാറിയിരിക്കുകയാണ്. ആയിരം വീട് പദ്ധതിയില്‍ അഞ്ഞൂറ് വീടുപോലും നിര്‍മിക്കാമോയെന്ന് ഉറപ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top