കേരളത്തിന്റെ അട്ടിപ്പേറവകാശം ആരും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടില്ല; കെപിഎ മജീദ്

കോഴിക്കോട്: മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ആരും ഏറ്റെടുക്കേണ്ടെന്ന് ആഞ്ഞടിച്ച മുഖ്യമന്ത്രിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്കും ആരും നല്‍കിയിട്ടില്ല. പിന്തുണയ്ക്കാത്തവരെ തീവ്രവാദികളാക്കുന്ന ബിജെപിയുടെ റോള്‍ സിപിഎം ഏറ്റെടുത്തെന്നും, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രസ്താവനകളടക്കം ചൂണ്ടിക്കാട്ടി കെപിഎ മജീദ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

മുസ്ലിംലീഗിന്റെ ദൗത്യവും നിയോഗവും തിരിച്ചറിഞ്ഞ് ഈ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ് സംസ്ഥാനത്തുള്ളത്. വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ എന്നും നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ആരെങ്കിലും ഈ നിലപാടിനെതിരെ പ്രവര്‍ത്തിച്ചാല്‍ അവര്‍ പാര്‍ട്ടിയിലുണ്ടാവില്ല. കാഞ്ഞങ്ങാട് സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ പൊലീസ് റിപ്പോര്‍ട്ട് വന്ന ഉടന്‍ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ദാരുണമായ ആ കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. നാടിന്റെ പുരോഗതിക്ക് വേണ്ടത് മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സമുദായത്തിനകത്തും പുറത്തും സൗഹൃദവും നാട്ടില്‍ സമാധാനവുമാണ് മുസ്ലിംലീഗ് ആഗ്രഹിക്കുന്നത്. ലീഗിന്റെ ചരിത്രവും സ്വഭാവവും അതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്മാന്‍ ഔഫിന്റെ വീട് സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയത് ഈ സന്ദേശം തന്നെയാണ്. അക്രമ രാഷ്ട്രീയം ലീഗിന്റെ നയമല്ല. അക്രമികളെ സംരക്ഷിക്കലും കൊലക്കേസ് പ്രതികളായ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി കേസ് വാദിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ എറിയുന്നതുമൊക്കെ ആരുടെ പണിയാണെന്ന് ഇവിടെ എല്ലാവര്‍ക്കുമറിയാം. നാട്ടില്‍ സമാധാനം പുലരുന്നതിന് ലീഗ് എന്തു വിട്ടുവീഴ്ചക്കും തയ്യാറാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പാര്‍ട്ടിയെ അടച്ചാക്ഷേപിക്കാന്‍ ആരു ശ്രമിച്ചാലും അത് കേരളത്തില്‍ വിലപ്പോകില്ല.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും അംഗീകാരവും നേടിയാണ് മുസ്ലിംലീഗ് കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെ കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളം അകറ്റി നിര്‍ത്തുന്ന എസ്.ഡി.പി.ഐക്കാരെയും ബി.ജെ.പിക്കാരെയും നാലു വോട്ടിന് വേണ്ടി കൂടെ നിര്‍ത്താന്‍ മടികാട്ടാത്ത സി.പി.എമ്മാണ് ലീഗിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്, തികഞ്ഞ വര്‍ഗീയ മുതലെടുപ്പിനു വേണ്ടി ഒരു രാഷ്ട്രീയ മര്യാദയും പാലിക്കാതെയാണ് മുഖ്യമന്ത്രി മുസ്ലിംലീഗിനെതിരെ തിരിഞ്ഞത്. ഗെയില്‍ സമരത്തിലും ദേശീയപാത സമരത്തിലും പങ്കെടുത്തവരെ തീവ്രവാദികളാക്കിയ, ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്നു പറഞ്ഞ പാര്‍ട്ടിയില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണെന്നറിയാം. തങ്ങളെ പിന്തുണക്കാത്തവരെയെല്ലാം വര്‍ഗീയവാദികളും തീവ്രവാദികളുമാക്കി ബി.ജെ.പിയുടെ റോള്‍ കേരളത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ സി.പി.എമ്മാണ്. ലീഗിനെ ലക്ഷ്യമിടുന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ദുഷ്ടലാക്ക് ജനം തിരിച്ചറിയും. കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നല്‍കിയിട്ടില്ലെന്ന് കൂടി ഓര്‍മപ്പെടുത്തുകയാണ്.

Top