കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ശ്രീധരന്‍പിള്ള

Sreedharan Pilla

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശശികലയുടെ അറസ്റ്റ് അംഗീകരിക്കാനാകില്ല. ശശികലയ്ക്ക് ഭരണഘടനാപരമായ അവകാശം നിഷേധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ശബരിമലയില്‍ പോലീസ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ബിജെപി സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

അതേസമയം അറസ്റ്റ് ചെയ്ത കെ. പി ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റിനെതിരെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ റാന്നി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ശശികലയെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം. നൂറോളം പേരാണ് നാപജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. അതേസമയം, ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

Top