വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയായി കെ.പി ശര്‍മ ഒലി

നേപ്പാള്‍: കെ.പി ശര്‍മ ഒലിയെ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയായി നിയമിച്ചു. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച നേപ്പാള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ഒലി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. 275 അംഗങ്ങളുള്ള സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 136 വോട്ടാണെന്നിരിക്കെ നേടാനായത് 93 വോട്ട് മാത്രം. ഇതോടെ മുഖ്യപ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വ്യാഴാഴ്ച വൈകിട്ട് ഒന്‍പത് മണിക്കുള്ളില്‍ മുന്നോട്ടുവരണമെന്ന് രാഷ്ട്രപതി ബിന്ദ്യാദേവി ഭണ്ഡാരി ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ ഒലിയുടെ സിപിഎന്‍-യുഎംഎല്ലിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസ വോട്ട് തേടിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ധാരണയിലെത്താന്‍ കഴിയാതിരുന്നതോടെ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.

അതേസമയം ശര്‍മ ഒലി 30 ദിവസത്തിനുള്ളില്‍ വീണ്ടും പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് നേടണം. ഇതിലും പരാജയപ്പെടുകയാണെങ്കില്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

 

Top