ഹര്‍ത്താല്‍ കേരളത്തിന് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാര്‍ അജണ്ട: സിപിഐഎം

cpim

തിരുവനന്തപുരം: കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് സിപിഐഎം. വിശ്വാസത്തെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവര്‍ ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.

സംസ്ഥാനത്തിനെതിരെ ലോകവ്യാപകമായി അവമതിപ്പ് പ്രചരിപ്പിച്ചവരാണ് ഇപ്പോള്‍ ശബരിമലയെ ഉള്‍പ്പെടെ തകര്‍ത്ത് തീര്‍ത്ഥാടകര്‍ക്ക് രക്ഷയില്ലെന്ന പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിശ്വാസ സംരക്ഷകര്‍ എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന ഇക്കൂട്ടരുടെ ലക്ഷ്യം ശബരിമലയെ തകര്‍ക്കലാണ്. ശബരിമലയിലേക്ക് വരുന്ന ബഹുഭൂരിപക്ഷം അന്യസംസ്ഥാന ഭക്തരെയും അകറ്റിനിര്‍ത്തുക എന്ന സമീപനമാണ് ഇക്കൂട്ടര്‍ക്കുള്ളത്. ശബരിമലയില്‍ നേര്‍ച്ചപ്പണം ഇടരുതെന്ന പ്രചരണത്തിന്റെ തുടര്‍ച്ച തന്നെയാണിതുമെന്നും സിപിഎം കുറ്റപ്പെടുത്തി.

തുലാമാസം നട തുറന്നപ്പോഴും ഹര്‍ത്താല്‍ നടത്തി ഭക്തജനങ്ങളെ ദുരിതത്തിലാഴ്ത്തിയവരാണ് ഇപ്പോള്‍ വീണ്ടും വൃശ്ചികം ഒന്നിന് ഹര്‍ത്താലുമായി രംഗത്തിറങ്ങിയത്. തീര്‍ഥാടന കാലത്ത് ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും പത്തനംതിട്ട ജില്ലയെയും ശബരിമല തീര്‍ഥാടകരെയും ഒഴിവാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇക്കാര്യത്തില്‍ വിശ്വാസികളോട് കാണിക്കേണ്ട സാമാന്യമര്യാദ പോലും ഉയര്‍ത്തിപ്പിടിക്കാത്തവരാണ് സംഘപരിവാറെന്ന് വ്യക്തമായിരിക്കുകയാണ്. അവസരം മുതലാക്കുക എന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയേയും ഇതുമായി കൂട്ടിവായിക്കണമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

Top