അന്വേഷണം എങ്ങുമെത്തിയില്ല; വിദ്വേഷപ്രസംഗ കേസില്‍ ശശികലയ്ക്ക് മുന്‍കൂര്‍ജാമ്യം

കോഴിക്കോട്: വിദ്വേഷപ്രസംഗ കേസില്‍ വിശ്വഹിന്ദുപരിഷത്ത് നേതാവ് കെ പി ശശികലയ്ക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. 2016ല്‍ നടന്ന കേസ് ആയിട്ടും ഇതുവരെ പൊലിസന്വേഷണം പൂര്‍ത്തിയാകാത്തത് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

2016ലെ വിദ്വേഷപ്രസംഗ കേസ് ഹോസ്ദുര്‍ഗ്ഗ് പൊലിസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീടത് കസബ പൊലിസിന് കൈമാറുകയായിരുന്നു. കേസന്വേഷണത്തിലെ പൊലിസിന്റെ വീഴ്ചയാണ് ശശികലയ്ക്ക് തുണയായത്. യുട്യൂബില്‍ അപ് ലോഡ് ചെയ്ത പ്രസംഗം എവിടെ നടന്നുവെന്ന് കണ്ടെത്താന്‍ പൊലിസിനായിട്ടില്ല, ശബ്ദം ശശികലയുടെതാണോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനായില്ല തുടങ്ങിയ കാരണങ്ങള്‍ കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കേസന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് പരാതിക്കാരനായ അഡ്വ സി ഷുക്കൂര്‍ പറഞ്ഞു. ഡിജിപിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. സാധാരണഗതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്ത 153 A വകുപ്പാണ് കെ പി ശശികലയ്‌ക്കെതിരെ ചുമത്തിയിരുന്നത്.

Top