കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു; നേതൃത്വത്തിന് വിമര്‍ശനം

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതിഷേധിച്ച് സംഘടന ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

ആയുസ്സിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലധികം പ്രവര്‍ത്തിച്ച, വിയര്‍പ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തില്‍ നിന്ന് വിടപറയുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇന്നത്തോടുകൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയില്‍ വഴി അയച്ചുവെന്നും അനില്‍കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഡിസിസി പുനഃസംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരില്‍ അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പക്ഷെ ഡിസിസി പ്രസിഡന്റുമാര്‍ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനില്‍കുമാര്‍ ആരോപിച്ചിരുന്നത്. ഇതില്‍ വിശദീകരണം ചോദിച്ചശേഷം അനില്‍കുമാര്‍ നല്‍കിയ വിശദീകരണം നേതൃത്വം തള്ളിയിരുന്നു. ഇതോടെ പുറത്താക്കല്‍ നടപടിയുണ്ടായേക്കുമെന്ന സൂചനയ്ക്കിടെയാണ് രാജിപ്രഖ്യാപനം

കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കേയാണ് രാജി.

 

Top