ലഹരി ഉപയോഗിക്കില്ല: വിദ്യാര്‍ത്ഥികളില്‍ നിന്ന് സത്യവാങ്മൂലം വാങ്ങാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല

കോഴിക്കോട്: പ്രവേശനസമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വാങ്ങാന്‍ ഉത്തരവ് പുറത്തിറക്കി കാലിക്കറ്റ് സര്‍വ്വകലാശാല. സര്‍വ്വകലാശാലയുടെ ലഹരിവിരുദ്ധസമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടി.

‘ലഹരിവസ്തുക്കളുടെ ഉപയോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും അത്തരം പ്രവൃത്തികള്‍ക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നു’ എന്നാണ് സത്യവാങ്മൂലം നല്‍കേണ്ടത്.

മാത്രമല്ല, രക്ഷിതാക്കളും ഇതേ സത്യവാങ്മൂലം നല്‍കണമെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍വ്വകലാശാലാ ക്യാംപസുകളിലും അഫിലിയേറ്റഡ് കോളജുകളിലും വ്യവസ്ഥ ബാധകമാണ്.

Top