ജാതി അധിക്ഷേപം; കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം രാജിവെച്ചു

കോഴിക്കോട്: ജാതി അധിക്ഷേപത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗം രാജിവെച്ചു. കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം അംഗവുമായ അരുണ്‍ ആണ് രാജിവെച്ചത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഒരു അംഗം അരുണിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചിരുന്നു. അതില്‍

പഞ്ചായത്ത് സെക്രട്ടറിക്കും സി.പി.എമ്മിനും പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അരുണ്‍ പറഞ്ഞു.

മാനസികമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുകൊണ്ടാണ് രാജിവെക്കുന്നതെന്ന് അരുണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സഹ മെമ്പര്‍ ജാതിപരമായി അധിക്ഷേപിച്ചതായും ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ നേതാവ് തള്ളിപ്പറഞ്ഞതായും അദ്ദേഹം പറയുന്നു.

ഇന്ന് വായ മൂടിക്കെട്ടിയാണ് അരുണ്‍ യോഗത്തിനെത്തിയത്. ആരും തനിക്കൊപ്പം നിന്നില്ലെന്ന് അരുണ്‍ പറയുന്നു. എന്നാല്‍ അരുണിനെയും അരുണിനെ അധിക്ഷേപിച്ചയാളെയും ഒരുമിച്ചിരുത്തി പ്രശ്‌നം പരിഹരിച്ചതാണെന്നും ഇപ്പോഴത്തെ പ്രതിഷേധം എന്തിനാണെന്ന് അറിയില്ലെന്നുമാണ് സി.പി.എം നേതാക്കളുടെ വാദം.

കഴിഞ്ഞ മാസമാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. 7 എല്‍.ഡി.എഫ് അംഗങ്ങളും 6 യു.ഡി.എഫ് അംഗങ്ങളുമാണ് നിലവിലുള്ളത്.

Top