യു.ഡി.എഫ് അണികള്‍ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തത് ഗൗരവത്തോടെ കാണണം

K-Muraleedharan

കോഴിക്കോട്‌: കെ.പി.സി.സി യോഗത്തിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍ എംപി. യു.ഡി.എഫ് അണികള്‍ ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തത് യു.ഡി.എഫ് ഗൗരവത്തോടെ പരിശോധിക്കണമെന്നു മുരളീധരന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് വേണ്ടവിധത്തില്‍ നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ മുരളീധരന്‍ ഉന്നയിച്ചിരുന്നു. യു.ഡി.എഫിന് സ്ഥിരമായി വോട്ടുചെയ്യുന്നവര്‍ എല്‍.ഡി.എഫിന്റെ മനുഷ്യ ശൃംഖലയില്‍ അണിനിരന്നു. ഭയപ്പെട്ടുപോയ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ വിമര്‍ശിക്കുകയുണ്ടായി.

കെ.പി.സി.സി ഭാരവാഹി പട്ടികയെ ചൊല്ലി മുല്ലപ്പള്ളിയും കെ.മുരളീധരനും തമ്മില്‍ വാക്‌പോരുമുണ്ടായി. ബൂത്ത് പ്രസിഡന്റ് ആകാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഭാരവാഹികളാകുന്നുവെന്നും ഇത് പാര്‍ട്ടിക്ക് ദോഷമാണെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഇപ്പോഴത്തെ ഭാരവാഹി പട്ടികയില്‍ നിന്ന് എണ്ണം കൂടരുത്. പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനുള്ള വേദിയല്ല ഇതെന്നും പ്രവര്‍ത്തിക്കാനുള്ള വേദിയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top