കൂടത്തായി; സിനിമയ്ക്കും സീരിയലിനുമെതിരായ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. റോയി തോമസിന്റെ സഹോദരിയും മക്കളും നല്‍കിയ ഹര്‍ജിയാണ് ഇന്ന് താമരശ്ശേരി കോടതി പരിഗണിക്കുന്നത്. സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വകാര്യ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരോടും സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും ഇന്ന് ഹാജരാവണമെന്ന് കാട്ടി കോടതി നോട്ടീസ് നല്‍കിയിരുന്നു.

പൊന്നാമറ്റം വീട്ടിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ സിനിമയും സീരിയലും ആവുന്നതോടെ കുട്ടികള്‍ മാനസികമായി തളരുമെന്ന് ഭയപ്പെട്ടാണ് ഹര്‍ജി നല്‍കിയതെന്ന് സഹോദരി രഞ്ജി നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ 6 കേസുകളില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ സാഹചര്യത്തില്‍ കൂടത്തായി കൊലപാതക കേസിനെ സംബന്ധിച്ച് സിനിമയും സീരിയലും വരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ഭയവും കുടുംബാംഗങ്ങള്‍ക്കുണ്ട്. മാത്രമല്ല കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സിനിമയും സീരിയലും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിടുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

Top