‘ദിശാ’ നിയമം വേണ്ടി വന്നാല്‍ കേരളത്തിലും നടപ്പാക്കും: കെ.കെ ശൈലജ

K.K-SHYLAJA

കോഴിക്കോട്: സ്ത്രീകളുടെമേലുള്ള അതിക്രമം തടയുന്നതിനായി ആന്ധ്രയില്‍ കൊണ്ടുവന്ന നിയമം കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി കെകെ ശൈലജ.

‘നിലവില്‍ കേരളത്തില്‍ നിയമത്തിന്റെ അഭാവം ഇല്ല. പ്രാവര്‍ത്തികമാക്കുന്നതിലാണ് നീതിപീഠങ്ങള്‍ക്ക് വീഴ്ച സംഭവിക്കുന്നത്. ഈ നിയമങ്ങള്‍ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാന്‍ തയ്യാറായാല്‍ കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ആന്ധ്ര മോഡല്‍ നിയമം പഠിച്ച് വരികയാണ്. ആവശ്യമെങ്കില്‍ അത് കേരളത്തിലും നടപ്പിലാക്കും,’ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനുളള ‘ദിശ’ നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ലൈംഗിക പീഡന കുറ്റവാളികള്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ വിധിക്കുന്നതാണ് ആന്ധ്രാപ്രദേശ്‌ ക്രിമിനല്‍ നിയമ ഭേദഗതി ആക്ട് 2019.

ബലാത്സംഗം, കൂട്ടബലാത്സംഗം തുടങ്ങിയ ക്രൂരതകളില്‍ കുറ്റവാളികളായി കണ്ടെത്തുന്നവര്‍ക്ക് 21 ദിവസത്തിനകം ശിക്ഷ പ്രഖ്യാപിച്ച് വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ് ദിശ ബില്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള രണ്ട് ബില്ലുകള്‍ക്ക് ആന്ധ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.

ലൈംഗിക പീഡനം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ ശക്തമായ തെളിവുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിയമം അനുശാസിക്കുന്നത്. വിചാരണ 14 പ്രവൃത്തി ദിനങ്ങള്‍ക്കുള്ളിലും പൂര്‍ത്തിയാക്കണം. ഇതോടെ 21 പ്രവൃത്തി ദിനങ്ങള്‍ക്കകം അന്തിമവിധി പുറപ്പെടുവിക്കാനും വഴിയൊരുങ്ങും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ പ്രത്യേക കോടതികള്‍ ഓരോ ജില്ലയിലും സ്ഥാപിക്കാനും ക്യാബിനറ്റ് അംഗീകാരം നല്‍കി. ബലാത്സംഗം, കൂട്ടബലാത്സംഗം, ആസിഡ് അതിക്രമം, പൂവാല ശല്യം, ലൈംഗിക പീഡനം, പോക്‌സോ പ്രകാരമുള്ള കേസുകള്‍ എന്നിവയാണ് ഈ കോടതികള്‍ പരിഗണിക്കുക.

Top