പക്ഷിപ്പനി; ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊന്ന് ദഹിപ്പിക്കും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊന്ന് ദഹിപ്പിക്കും. മാത്രമല്ല പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മൃഗസംരക്ഷണ വകുപ്പ് അഞ്ചുപേര്‍ വീതമുള്ള 25 പ്രതിരോധ സംഘങ്ങളെ നിയോഗിച്ചു.

കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയത് വ്യാഴാഴ്ചയാണ്. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധനയില്‍ പക്ഷിപ്പനി സംശയം ബലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ സാമ്പിളുകള്‍ വിമാനമാര്‍ഗം ഭോപ്പാലിലേക്ക് അയയ്ക്കുകയായിരുന്നു. ഭോപ്പാലിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പെട്ടെന്നുതന്നെ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു.

Top