‘നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു’; ഡിജിപി കണ്ണൂരിലേക്ക്; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: ട്രെയിനിന് തീ വെച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. അക്രമവുമായി ബന്ധപ്പെട്ട് പൊലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. കേസിലെ പ്രതികളെ പെട്ടെന്നു തന്നെ പിടികൂടാനാകുമെന്നും ഡിജിപി വ്യക്തമാക്കി.

ഇപ്പോൾ വടക്കൻ മേഖല ഐജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേസന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഐജി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗൂഢാലോചന സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. താൻ കണ്ണൂരിലേക്ക് പോകുന്നുണ്ട്. അവിടെ വെച്ച് ഐജിയുമായി ചർച്ച നടത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു.

ട്രെയിന് തീ വെച്ച സംഭവത്തിൽ റെയിൽവേയും കേസെടുത്തു. വധശ്രമം, സ്‌ഫോടകവസ്തു നിരോധന നിയമം തുടങ്ങിയ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ആർപിഎഫും കേരള പൊലീസും സംയുക്തമായി അന്വേഷിക്കുമെന്ന് എഡിആർഎം അറിയിച്ചു.

ട്രെയിനിന് തീവെച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കി. അട്ടിമറി സാധ്യത അന്വേഷിക്കുന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി സ്വീകരിക്കുക.

Top