കോഴിക്കോട് ട്രെയിൻ ആക്രമണം: കേന്ദ്രത്തിന് കെ സുധാകരന്റെ കത്ത്

തിരുവനന്തപുരം: കോഴിക്കോട് ട്രെയിൻ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ റെയിൽവേ മന്ത്രി അശ്വാനി വൈഷ്ണവിന് കത്ത് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ഭാവിയിൽ ഇത്തരം അക്രമങ്ങൾ നടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്കും, പരിക്കേറ്റവർക്കും അർഹമായ സാമ്പത്തിക സഹായം നൽകണമെന്നും സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. ട്രെയിൻ യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സർക്കാർ ഉത്തരവാദിത്വമാണെന്നും സുധാകരൻ കത്തിൽ ചൂണ്ടിക്കാണിച്ചു.

സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമായി നടത്തുകയാണ്. ഡിജിപി ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്. റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top