കോഴിക്കോട് വ്യാപാരികള്‍ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വ്യാപാരികള്‍ വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറുമായി വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി.നസിറുദീന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കടയപ്പ് സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തത്.

കോഴിക്കോട് വലിയങ്ങാടിയില്‍ കണ്ടെയ്ന്‍മെന്റ് സോണായിരുന്ന വാര്‍ഡില്‍ ചില വ്യാപാരികള്‍ കട തുറന്നതിനെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ അശാസ്ത്രീയമായി നിശ്ചയിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് മൂലം വ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലായെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി പരാതിപ്പെടുന്നത്.

Top