കോഴിക്കോട് തിരുവമ്പാടി കെഎസ്ആര്‍ടിസി ഡിപ്പോ വെള്ളത്തില്‍ മുങ്ങി

കോഴിക്കോട് : കനത്ത മഴയില്‍ കോഴിക്കോട് തിരുവമ്പാടി കെഎസ്ആര്‍ടിസി ഡിപ്പോ വെള്ളത്തില്‍ മുങ്ങി. ഡിപ്പോയില്‍ വെള്ളം നിറഞ്ഞതോടെ ജീവനക്കാര്‍ കുടുങ്ങി. ബസിനുള്ളില്‍ മണിക്കൂറുകളോളം കുടുങ്ങികിടന്ന ജീവനക്കാരെ വളരെ പണിപ്പെട്ടാണ് അവിടെ നിന്നും മാറ്റിയത്. ബസ് പൂര്‍ണമായും മുങ്ങുന്ന നിലയിലേക്ക് ഡിപ്പോയില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്.

അതേസമയം കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണസേന എത്തും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പു മന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് എല്ലാവരേയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ജൂണ്‍ പത്തൊമ്പതോടെ കര്‍ണാടകയിലും കേരളത്തിലും കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

കോഴിക്കോട് വയനാട് ദേശീയ പാതയില്‍ പുനൂര്‍ പുഴ കര കവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് താറുമാറായതോടെ കോഴിക്കോട് – വയനാട് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നൂറുകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈങ്ങാപ്പുഴയില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Top