ചരിത്ര നേട്ടം കുറിച്ച ഗോകുലം കേരളയ്ക്ക് കോഴിക്കോട്ട് വന്‍ സ്വീകരണം

കോഴിക്കോട്:ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ച ഗോകുലം കേരള എഫ്‌സിക്ക് വന്‍ വരവേല്‍പ്പ്. വൈകിട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ താരങ്ങളെ നിറഞ്ഞ കരഘോഷത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

പ്രിയ താരങ്ങളെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആരാധകരുടെ കൂട്ടമെത്തി. ഐ ലീഗ് കപ്പുമായി ടീമംഗങ്ങള്‍ എത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. ആരാധകരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് മലബാറിയന്‍സും. ഇത് സന്തോഷത്തിന്റെ നിമിഷമെന്ന് കോച്ച് വിഞ്ചെന്‍സോ ആല്‍ബര്‍ട്ടോ അനൈസോ പറഞ്ഞു. സ്വപ്നതുല്യമായ നേട്ടമെന്ന് താരങ്ങളും പ്രതികരിച്ചു.

അവസാന മത്സരത്തില്‍ മണിപ്പുര്‍ ക്ലബ് ട്രാവു എഫ്‌സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കിരീടം നേടിയത്. കൊല്‍ക്കത്തയിലെ കെബികെ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.

Top