കോഴിക്കോട് ലോ കോളജിലെ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് ലോ കോളജിലെ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. നാലാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

പരീക്ഷാ തീയതി നീട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നിത്യേന നിരവധിയാളുകള്‍ക്ക് സൂര്യാതാപവും സൂര്യാഘാതവും ഏല്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മറ്റൊരു തീയതിയിലേക്ക് മാറ്റി വയ്ക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്ന് മാത്രം കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് സൂര്യതാപമേറ്റു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ മാസം ഏഴ് മുതല്‍ ഇതു വരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ സൂര്യതാപമേറ്റു ചികിത്സ തേടിയവരുടെ എണ്ണം 40 ആയി.

ഇന്ന് സൂര്യതാപമേറ്റവരില്‍ പണ്ട് പേര്‍ക്ക് പൊള്ളലേറ്റ് ദേഹത്ത് കരുക്കള്‍ ഉണ്ടായിട്ടുണ്ട്. പൊള്ളലേറ്റവരില്‍ ഒരാള്‍ 17 വയസ്സുള്ള വിദ്യാര്‍ഥിയാണ്. ബാക്കി അ‍ഞ്ച് പേര്‍ക്ക് പൊള്ളലേറ്റ ഭാഗങ്ങളില്‍ കരുവാളിപ്പും തടിപ്പും ഉണ്ടായി. എല്ലാവരും ഒപിയില്‍ ചികിത്സ തേടിയ ശേഷം തിരികെ പോയി.

Top