‘കൂടത്തായി’ ചൂണ്ടിക്കാട്ടുന്നത് വൻ പിഴവ്, ലോക്കൽ പൊലീസിന് പറ്റിയ വലിയ തെറ്റ് !

കേരളത്തെയാകെ ഞെട്ടിക്കുന്ന വിവരങ്ങളാണിപ്പോള്‍ കൂടത്തായിയില്‍ നിന്നും പുറത്ത് വരുന്നത്. ഒരു കുടുംബത്തിലെ ആറ് പേരുടെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരേ കുടുംബത്തിലെ 6 പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചിട്ടും ഇക്കാര്യം മുന്‍പ് തന്നെ ഗൗരവമായി എടുക്കാതിരുന്ന പൊലീസിനും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ക്കും ഗുരുതരമായ പിഴവാണ് പറ്റിയിരിക്കുന്നത്. മരണങ്ങള്‍ക്ക് പിന്നിലെ കറുത്ത കരങ്ങള്‍ കണ്ടെത്താന്‍ ബന്ധുവിന് രേഖാമൂലം പരാതി നല്‍കേണ്ടി വന്നത് തന്നെ പൊലീസിനെ സംബന്ധിച്ച് വലിയ നാണക്കേടാണ്.

ഒരു അസ്വാഭാവിക മരണം നടന്നാല്‍ അതിന്റെ പിന്നിലെ ബാക്ക് ഫയല്‍ കൂടി പരിശോധിക്കുക സ്വാഭാവികമാണ്.അങ്ങനെ പൊലീസ് ചെയ്തിരുന്നുവെങ്കില്‍ പരാതിക്ക് മുന്‍പ് തന്നെ കുറ്റവാളികളെ പിടികൂടാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും കഴിയുമായിരുന്നു.

മരണപ്പെട്ടവരില്‍ റോയി തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു.എന്നിട്ടും ആത്മഹത്യയായിട്ടാണ് ലോക്കല്‍ പൊലീസ് അന്ന് വിധിയെഴുതിയത്. റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ പോലും അന്വേഷണം നടത്താതെ ആത്മഹത്യയാക്കി വിധിയെഴുതുകയാണ് പൊലീസ് ചെയ്തത്.

ഈ ഗുരുതര പിഴവിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. റോയ് തോമസിന്റെ ഭാര്യ ജോളി ഉള്‍പ്പെടെ നാല് പേരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത്. ഇതില്‍ സയനൈഡ് നല്‍കിയ ജ്വല്ലറി ജീവനക്കാരനും ഉള്‍പ്പെടുന്നുണ്ട്. മുന്‍പ് മരിച്ച സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെയാണ് വിവാഹം കഴിച്ചിരുന്നത്.

2002 ഓഗസ്റ്റ് 22ന് ആയിരുന്നു ഈ കുടുംബത്തിലെ ആദ്യ മരണം. റിട്ട. അധ്യാപികയായ അന്നമ്മ തോമസ് രാവിലെ ആട്ടിന്‍സൂപ്പ് കഴിച്ചതിനു പിന്നാലെ ഛര്‍ദിച്ചുകൊണ്ടു കുഴഞ്ഞുവീഴുകയായിരുന്നു. 6 വര്‍ഷത്തിനു ശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് പൊന്നാമറ്റവും പിന്നീട് 3 വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു.

ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മരണം കൊലപാതകമാണെന്ന സൂചനയാണ് കല്ലറകള്‍ പരിശോധിച്ച ശേഷം പൊലീസിന് ലഭിച്ചിരുന്നത്. അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹമെന്നതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു നേരത്തെ ബന്ധുക്കള്‍.

റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നത്. തുടര്‍ന്ന് വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ആത്മഹത്യ ചെയ്തുവെന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചിരുന്നത്.

കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയില്‍ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചിരുന്നത്.

മരണത്തിലെ സമാനതയാണു കൊലപാതകമെന്ന സാധ്യതയിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. മരണത്തിലെ ദുരൂഹതയും 6 മരണങ്ങള്‍ നടന്നിടത്തും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതായിരുന്നു.

ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ജോളി ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

കേരളാ പൊലീസിനെ സംബന്ധിച്ച് ഈ ദുരൂഹ മരണകേസ് തെളിയിക്കുന്നത് വലിയ നേട്ടമായാണ് മാറുന്നത്. മുന്‍പ് സംഭവം അന്വേഷിച്ച പൊലീസ് ഉദ്യാഗസ്ഥരുടെ ഭാഗത്ത് നിന്നും വന്ന വീഴ്ച്ച സംബന്ധിച്ച് വകുപ്പ തല അന്വേഷണം നടത്തുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

Top