കൂടത്തായി കൊലപാതകങ്ങള്‍: ജ്വല്ലറി ജീവനക്കാരനും ജോളിയുടെ രണ്ടാം ഭര്‍ത്താവും കസ്റ്റഡിയില്‍

കോഴിക്കോട്: കൂടത്തായിയില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ അടുത്തബന്ധുക്കളായ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ച കേസില്‍ രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ജ്വല്ലറി ജീവനക്കാരനെയും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. ജ്വല്ലറി ജീവനക്കാരന്‍ ജോളിയുടെ ബന്ധുവുമാണ്.

മുഖ്യ പ്രതിയായ ജോളിയെ ശനിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ ‘സ്ലോ പോയിസണിംഗ്’ ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. പതിയെപ്പതിയെ മരിക്കുന്ന തരത്തില്‍ ചെറിയ അളവില്‍ ഭക്ഷണത്തിലൂടെയും മറ്റും ദേഹത്തില്‍ വിഷാംശം എത്തിച്ചതുകൊണ്ടാണ് ആറ് പേരും പല വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചതെന്ന് റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മരിച്ച കുട്ടിയടക്കം ആറ് പേരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്നലെ വൈകിട്ട് കല്ലറ തുറന്ന് പുറത്തെടുത്ത് രാസപരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ആറ് മരണങ്ങളിലും തനിക്ക്പങ്കുണ്ടെന്ന് ജോളി പൊലീസിനോട് തുറന്ന് സമ്മതിച്ചത്.വ്യാജ വില്‍പത്രമുണ്ടാക്കിയ ആളെക്കുറിച്ചും വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇവരെയെല്ലാം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കേസില്‍ മറ്റ് ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതില്‍ പൊലീസ് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ കുറ്റാരോപിതയായ ജോളി പിന്നീട് വിവാഹം കഴിച്ചത് മരിച്ച സിലിയുടെ ഭര്‍ത്താവിനെയാണ്. ഗൃഹനാഥനായിരുന്ന ടോം തോമസിന്റെ സഹോദരന്റെ മകനാണിയാള്‍. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു.കുറ്റസമ്മതമൊഴി നല്‍കിയ ജോളിയുടെ വീടും പരിസരവും നിരീക്ഷണത്തിലാണ്.

Top