കോഴിക്കോട്ട് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അധ്യാപകന്‍ പിടിയില്‍

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. മണാശ്ശേരി മുത്തേടത്ത് പൂമംഗലത്ത് റിട്ട. അധ്യാപകന്‍ സജീവ് കുമാറിനെയാണ് കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ മാസം 30 നാണ് പ്രതി പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടമ്മ ബഹളംവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലകണ്ടിയുടെ മേല്‍നോട്ടത്തില്‍ മുക്കം ഇന്‍സ്‌പെക്ടര്‍ കെപി അഭിലാഷിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘത്തിന്റെ രണ്ടാഴ്ചക്കാലത്തെ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, കര്‍ണാടകയിലെ ഗുണ്ടല്‍ പേട്ട എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സജീവ് കുമാറിനെ വ്യാഴാഴ്ച പുലര്‍ച്ച കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

എസ്‌ഐ സജിത്ത് സജീവ്, എഎസ്‌ഐ സലീം മുട്ടത്ത്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഷെഫീഖ് നീലിയാനിക്കല്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ സത്യന്‍ കാരയാട്, റിജേഷ് എന്നിവരടങ്ങിയ സംഘമാണ് കോവളം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടാത്തതില്‍ വനിതാ സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സജീവ് കുമാര്‍ ഗൂഡല്ലൂര്‍, ഗുണ്ടില്‍പേട്ട ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് ചമഞ്ഞ് ടാക്‌സി ഡ്രൈവറെ കബളിപ്പിച്ച സംഭവമാണ് ഇയാളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റായി തന്നെ പ്രധാനമന്ത്രി നിയമിച്ചതാണെന്ന് ടാക്‌സി ഡ്രൈവറെ ഇയാള്‍ വിശ്വസിപ്പിച്ചത്.

വണ്ടിയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്ന ബോര്‍ഡും ഒട്ടിച്ചു. ഒരു ദിവസം മുഴുവന്‍ കറങ്ങിയ ശേഷം ഡ്രൈവറില്‍ നിന്ന് 1300 രൂപയും വാങ്ങി മുങ്ങി. തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ തന്റെ ഫോണില്‍ നിന്ന് സജീവ് കുമാര്‍ നാട്ടിലേക്ക് ബന്ധപ്പെട്ട നമ്പറില്‍ വിളിച്ച് ഗൂഗിള്‍ പേയിലൂടെ പണം നല്‍കാനാവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതിനെ പിന്തുടര്‍ന്നാണ് സജീവിനെ അറസ്റ്റ് ചെയ്തത്.

 

Top