കോഴിക്കോട് ഹോട്ടല്‍മുറിയില്‍ റെയ്ഡ്, ലഹരിമരുന്ന് ശേഖരം; യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: സിന്തറ്റിക്ക് ലഹരി മരുന്നുകള്‍ അടക്കമുള്ള ലഹരി വസ്തുക്കളുമായി ഒരു സ്ത്രീയടക്കം എട്ട് പേര്‍ പിടിയില്‍. കോഴിക്കോട് മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്നാണ് നടക്കാവ് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. എട്ട് പേരും കോഴിക്കോട് സ്വദേശികളാണ്.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. പൂച്ച അര്‍ഷാദ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പതിവായി ഡി.ജെ. പാര്‍ട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണെന്നാണ് വിവരം. ദിവസങ്ങളായി സംഘം ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.

പൊലീസും എക്‌സൈസും സ്ഥലത്തെത്തി ചോദ്യം ചെയ്യല്‍ തുടരുകയാണ്. മൂന്ന് പേരെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പിടിയിലായവര്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവരില്‍ നിന്ന് അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. ഇവര്‍ എന്തിന് കോഴിക്കോട് മുറിയെടുത്തു, മയക്ക് മരുന്ന് വില്‍പ്പനയ്‌ക്കെത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൂല്യമുണ്ടെന്നാണ് പ്രാഥമികവിവരം.

 

Top