കോഴിക്കോട് കൂട്ടബലാത്സംഗ കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളെയും ചേവായൂരിലെ ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ലോഡ്ജ് പൊലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങി.

ലോഡ്ജിന്റെ ലെഡ്ജര്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ വിദ്യാര്‍ത്ഥിനികളും യുവതികളും വ്യാപകമായി ലോഡ്ജിലേക്ക് എത്തിയതായി കണ്ടെത്തി. സംശയാസ്പദമാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങളെന്നും പൊലീസ് പറയുന്നു.

തെളിവെടുപ്പിനിടെ ബിജെപി പ്രതിഷേധം ഉണ്ടായി. അത്തോളി സ്വദേശികളായ ഷുഹൈബ്, ലിജാസ്, അജ്‌നാസ്, ഫഹദ് എന്നിവരാണ് പ്രതികള്‍. കൊല്ലം സ്വദേശിയായ 32 കാരിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു പ്രതികള്‍.

ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാന്‍ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. കോഴിക്കോടെത്തിയ ശേഷം അത്തോളി സ്വദേശിയായ അജ്‌നാസ് കാറില്‍ യുവതിയെ ചേവരമ്പലത്തെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു.

മദ്യവും മയക്കുമരുന്നും നല്‍കി അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തിയെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

 

Top