കോഴിക്കോട്ടെ ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു. അതുല്‍ കൃഷ്ണ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം 14.6 സെന്റിമീറ്റര്‍ മഴയാണ് കോഴിക്കോട് നഗരത്തില്‍ ലഭിച്ചത്. ജലനിരപ്പ് ഉയര്‍ന്നത്തോടെ പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാത്രി തുറന്നു.

അതേസമയം ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മഴക്കെടുതിയില്‍ ഇതുവരെ 3പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാലുപേരെ കാണാതായിട്ടുമുണ്ട്.

മഴക്കെടുതിയില്‍ കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ഥിയായ ചിറക്കര മോറക്കുന്ന് മോറാല്‍ക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്‌നാന്‍(17) കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റില്‍ വീണുമരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ്കുമാര്‍ (54) മരിച്ചു.

Top