പനി ചൂടില്‍ ആനയാംകുന്ന് മേഖല; 34 പേര്‍ കൂടി ചികിത്സ തേടി

കോഴിക്കോട്: കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പനി പടരുന്നു. ഇന്ന് മാത്രമായി 34 പേര്‍ കൂടി ചികിത്സ തേടിയതോടെ ആനയാംകുന്നിലെ പനിബാധിതരുടെ എണ്ണം 210 ആയി.

പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. അതിനെ തുടര്‍ന്ന് അഡീഷണല്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയ സംഘം നാളെ മെഡിക്കല്‍ ക്യാമ്പ് നടത്താനും തീരുമാനിച്ചു.

ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 163 കുട്ടികളും 13 അധ്യാപകരും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിലാണ്. തൊട്ടടുത്ത ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും പനി പടര്‍ന്നിട്ടുണ്ട്. ഇതോടെ സ്‌കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ആരോഗ്യ വകുപ്പ് കൂടുതല്‍ തീരുമാനമെടുക്കൂ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. പനി പടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച മെഡിക്കല്‍ ക്യാമ്പ് നടത്തും.

Top