സാലറി ചലഞ്ച് ; 10,000 രൂപ സംഭാവന, കേരളത്തിന് കൈത്താങ്ങായി അതിഥി തൊഴിലാളികളും

കോഴിക്കോട്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ നിരവധിപേരാണ് സഹായവുമായി എത്തുന്നത്. ഇപ്പോഴിതാ കേരളത്തിന് സാഹയവുമായി എത്തിയിരിക്കുകയാണ് അതിഥി തൊഴിലാളികള്‍.

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ അംവാജ് ഹോട്ടലിലെ അതിഥി തൊഴിലാളികളാണ് കേരളത്തിന് കൈത്താങ്ങുമായെത്തിയത്. ഹോട്ടലില്‍ ജോലി ചെയ്യുന്ന മൂന്ന് അതിഥി തൊഴിലാളികളായ രഞ്ജിത്ത്,ഗോപാല്‍,കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന ചെയ്തത്. ഇവര്‍ മൂവരും നേപ്പാള്‍ സ്വദേശികളാണ്.

13 പേരാണ് ഹോട്ടലില്‍ ജോലി ചെയ്തിരുന്നത്. രാജ്യത്ത് കൊറോണ പടരുന്ന വാര്‍ത്തകള്‍ കണ്ടതോടെ ഇതില്‍ 10 പേരും നാട്ടിലേക്ക് പോയി. ദീര്‍ഘദൂര ട്രെയിന്‍ യാത്രയില്‍ വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെ ഇവര്‍ കോഴിക്കോട് തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെയാണ് സമൂഹ്യമാധ്യമങ്ങളിലൂടെ കേരള മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഇവരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ശമ്പളത്തില്‍ നിന്ന് 10000 രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു.

Top