ചികിത്സ നിഷേധിച്ചു, മരണവിവരം മറച്ചുവച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍. എലിപ്പനി ലക്ഷണങ്ങലുമായി ആളുപത്രിയിലെത്തിച്ച കോഴിക്കോട് പെരുവയല്‍ സ്വദേശി കണ്ണന്‍ചോത്ത് മീത്തല്‍ സുനില്‍കുമാറിനാണ് ചികിത്സ നിഷേധിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നത്. സുനില്‍കുമാറിന് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചികിത്സ കിട്ടിയില്ലെന്നും മരണ വിവരം മറച്ചുവെച്ചു എന്നുമാണ് ബന്ധുക്കളുടെ പരാതി.

ഈ മാസം 22നാണ് സുനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ബന്ധുക്കളുടേത് ഉള്‍പ്പടെ അഞ്ച് പേരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം ഭാര്യ നിഷയെ വീട്ടിലേക്കയച്ചു. പിന്നീട് സുനില്‍ കുമാറിന്റെ രോഗവിവരങ്ങളറിയാന്‍ നിഷ പലതവണ ഡോക്ടര്‍മാരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ല.

ഇതിനിടെ ഇരുപത്തിനാലാം തീയ്യതി സുനില്‍കുമാറിനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി പെരുവയല്‍ പഞ്ചായത്ത് ഓഫീസില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് 25ന് പഞ്ചായത്ത് അംഗങ്ങള്‍ ആശുപത്രിയില്‍ എത്തി അന്വഷിച്ചപ്പോഴാണ് സുനില്‍ കുമാര്‍ 24ന് രാത്രി എട്ട് മണിയോടെ മരിച്ചതായി അറിയുന്നത്. കൊവിഡ് പരിശോധനാ ഫലം ലഭിക്കാതെ മൃതദേഹം വിട്ടുനല്‍കാന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ എച്ച്1എന്‍1 പരിശോധന നടത്തി ഫലം ലഭിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ബന്ധുക്കള്‍ കളക്ടറുടെ അനുമതിയോടെ മൃതദേഹം ഏറ്റ് വാങ്ങി സംസ്‌കരിക്കുകയായിരുന്നു.

Top