കോഴിക്കോട് ജില്ലയിലെ ചിക്കന്‍കടകള്‍ അടച്ചിട്ട് പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചിക്കന്‍ കടകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനം. കേരള സംസ്ഥാന ചിക്കന്‍ വ്യാപാര സമിതിയുടെതാണ് തീരുമാനം. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വേങ്ങേരിയിലെയും കൊടിയത്തൂരിലും പത്തുകിലോമീറ്റര്‍ പരസരത്തെയും ചിക്കന്‍ കടകള്‍ മൂന്ന് മാസത്തേക്ക് അടച്ചിടാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം.

അതേസമയം കോഴിക്കോട് തടമ്പാട്ട് താഴത്ത് നിന്ന് ചത്തകോഴികളെ തൂവലോടെ ഫ്രീസറില്‍ സൂക്ഷിച്ചത് പിടികൂടിയിരുന്നു. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഒളിപ്പിച്ച് വച്ച വളര്‍ത്തുപക്ഷികളെ കണ്ടെത്താനായിരുന്നു ഇന്നലത്തെ പരിശോധന. ചിലയിടങ്ങളില്‍ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പക്ഷിപ്പനി ബാധിത പ്രദേശമായ കോഴിക്കോട് വേങ്ങേരിക്ക് സമീപം തടമ്പാട്ട്താഴത്തെ ഒരു ചിക്കന്‍ ഷോപ്പില്‍ നിന്നാണ് തൂവലുകളോടെ ഫ്രീസറില്‍ സൂക്ഷിച്ച ചത്ത കോഴികളെ പിടികൂടിയത്. ഫ്രീസറിന് പുറത്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയിലും ചത്ത കോഴികളുണ്ടായിരുന്നു.

Top