കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് വിതരണം വീണ്ടും ആരംഭിക്കും

കോഴിക്കോട്: പ്രതിസന്ധിയിലായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് വിതരണം വീണ്ടും ആരംഭിക്കും. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്‍കാനുള്ള തുക ലഭിക്കാതായതോടെ മുടങ്ങിയ മരുന്ന് വിതരണം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയോടെ സാധരണ ഗതിയിലേക്ക് എത്തിച്ചു.

മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. മെഡിക്കല്‍ കോളേജില്‍ നിന്ന് വിവിധ മരുന്നുവിതരണക്കാര്‍ക്കുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കി.

കുടിശ്ശിക തീര്‍പ്പാക്കാനുള്ള നടപടികള്‍ ഉടന്‍ എടുത്തുകഴിഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ കുടിശ്ശികയുടെ ആദ്യഘട്ടം നല്‍കുമെന്നും കഴിവതും വേഗം മരുന്നു കമ്പനികള്‍ക്ക് കുടിശ്ശിക മുഴുവനായും നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. സ്റ്റെന്റുകളുടെ വിതരണമടക്കം മുടങ്ങിയതോടെ മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് അടക്കം അടച്ചുപൂട്ടിയിരുന്നു. ഇതോടെ പലരുടേയും അടിയന്തര ശസ്ത്രക്രിയ അടക്കം മുടങ്ങുന്ന അവസ്ഥയുണ്ടായി. ഇതോടെയാണ് കളക്ടര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.

പണം നല്‍കാമെന്ന കളക്ടറുടെ ഉറപ്പിന്മേല്‍ മരുന്ന് വിതരണം പുനരാരംഭിക്കുമെന്ന് മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികള്‍ പറഞ്ഞു. മരുന്ന് വിതരണക്കാര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ തുക നല്‍കുന്ന ഒരു സ്ഥിരം സംവിധാനം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Top