kozhi case; km mani petition dismissed

km mani

കൊച്ചി : ഇറച്ചിക്കോഴി വ്യാപാരത്തിലെ നികുതി കുടിശിക ഇളവ് ചെയ്ത് നല്‍കിയ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

വിജിലന്‍സ് അന്വേഷണം നടക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കണ്ണും കാതും മനസ്സും തുറന്ന് കേസ് അന്വേഷിക്കണം. കോഴി നികുതിക്ക് സ്റ്റേ നല്‍കിയത് ചട്ടം ലംഘിച്ചാണ്. സാമ്പത്തിക നേട്ടമുണ്ടായതായി അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

അനുമതിയില്ലാതെയാണ് അന്നത്തെ ധനമന്ത്രി കേസില്‍ ഇടപെട്ടതെന്ന് സര്‍ക്കാറും കോടതിയില്‍ നിലപാടെടുത്തു.

മാണി വഴിവിട്ട് ഇടപെട്ടതിനു തെളിവുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിലെ ആറു പൗള്‍ട്രി ഫാം ഉടമകളോടു വാണിജ്യ നികുതി വകുപ്പു 65 കോടി രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഫാം ഉടമകള്‍ നല്‍കിയ അപേക്ഷയില്‍ കെ.എം.മാണി ജപ്തി നടപടി സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടു.

2013 ജനുവരി 20 ന് മുമ്പ് 1.2 കോടി രൂപ കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2012 മേയ് 29 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചു റവന്യു റിക്കവറി നടപടികളുടെ കാര്യത്തില്‍ മാണി ചെയ്തത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണ്.

അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ പിഴ അടക്കേണ്ട കേസില്‍ ജപ്തി നടപടി സ്റ്റേ ചെയ്യാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും വിജിലന്‍സ് പറയുന്നു.

സ്റ്റേ അനുവദിക്കാനുള്ള വ്യവസ്ഥയായി പറഞ്ഞിരുന്ന 1.2 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുകുന്ദപുരം തഹസില്‍ദാര്‍ 2013 ജനുവരി 20 നു പൗള്‍ട്രിഫാം ഉടമകളില്‍ നിന്ന് കൈപ്പറ്റിയെങ്കിലും ബാങ്കില്‍ സമര്‍പ്പിച്ചില്ല. പിന്നീടു സ്റ്റേ ഉത്തരവു ലഭിച്ചതോടെ ഡിഡി തിരികെ നല്‍കി.

കേസില്‍ പൗള്‍ട്രിഫാം ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വാണിജ്യനികുതി വിഭാഗത്തിലെ രണ്ടു ഡപ്യൂട്ടി കമ്മീഷണര്‍മാരെ സ്ഥലം മാറ്റിയതിന് തെളിവുണ്ടെന്നുമാണ് വിജിലന്‍സ് നിലപാട്.

Top