യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ക്രമക്കേട്; വിദ്യാര്‍ത്ഥി പിടിയില്‍

കൊയിലാണ്ടി: യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് ഉത്തരം പുറത്ത് നിന്ന് എഴുതിക്കൊണ്ടുവന്ന് ഉത്തരക്കടലാസിന്റെ പ്രധാന ഷീറ്റില്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ത്ഥി പിടിയില്‍. കൊയിലാണ്ടി ഗുരുദേവാ കോളേജ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലാണ് സംഭവം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒന്നാംവര്‍ഷ ബി.എ.സോഷ്യോളജി പരീക്ഷയുടെ ഉത്തരങ്ങളാണ് വിദ്യാര്‍ത്ഥി പുറത്തുനിന്ന് എഴുതി കൊണ്ട് വന്നത്.

വ്യാഴാഴ്ച നടന്ന പരീക്ഷയിലാണ് അധ്യാപകര്‍ ക്രമക്കേട് കണ്ടെത്തിയത്. ഗുരുദേവ കോളേജ് കേന്ദ്രമായി പരീക്ഷയെഴുതാന്‍ പുറത്തുനിന്നെത്തിയ വിദ്യാര്‍ത്ഥിയാണ് ഉത്തരങ്ങള്‍ എഴുതിക്കൊണ്ടുവന്നത്. പരീക്ഷ എഴുതാനായി നല്‍കുന്ന അഡീഷണല്‍ ഷീറ്റിലാണ് വിദ്യാര്‍ത്ഥി ഉത്തരം എഴുതിക്കൊണ്ടുവന്നത്. ഈ ഉത്തരക്കടലാസ് മെയിന്‍ഷീറ്റിലെ പേജ്മാറ്റി അതേസ്ഥാനത്ത് തിരുകിക്കയറ്റുകയായിരുന്നു.

ഉത്തരക്കടലാസിലെ സീരിയല്‍ നമ്പറിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കോളേജ് അധികൃതര്‍ പരിശോധന നടത്തിയപ്പോഴാണ് കള്ളി വെളിച്ചത്താവുന്നത്.

പുറത്തുനിന്ന് നേരത്തേ എഴുതിതയ്യാറാക്കിയ ഉത്തരക്കടലാസാണ് ഉപയോഗിച്ചതെന്ന് വിദ്യാര്‍ത്ഥിപറഞ്ഞതായി പ്രിന്‍സിപ്പാള്‍ ഡോ. സുനില്‍ ഭാസ്‌കന്‍പറഞ്ഞു. ഇതുസംബന്ധിച്ച് പരീക്ഷാ കട്രോളര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

Top