കൊവിഡിന്റെ രണ്ടാം വ്യാപനം: രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഇല്ലെന്ന് മോദി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. എന്നാൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പ്രധാന മന്ത്രി നൽകുന്ന സൂചന. പല സംസ്ഥാനങ്ങളിലും കൊവിഡ് സാഹചര്യം രൂക്ഷമാണെന്ന് പ്രധാന മന്ത്രി പറഞ്ഞു.  ഇതിന് അടിയന്തരമായി നടപടി ഉണ്ടാകണമെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. ഒന്നാം ഘട്ടത്തെക്കാൾ വ്യാപന തോത് ഇപ്പോൾ കൂടുതലാണ്. ഒന്നാംഘട്ടത്തേക്കാൾ വേഗതയിൽ രോഗം പടരുകയാണ്. ചില സംസ്ഥാനങ്ങൾ ജാഗ്രതയിൽ കുറവ് വരുന്നുണ്ട്.

രാത്രികാല കർഫ്യൂ പരക്കെ അംഗീകരിക്കപ്പെട്ട പരിഹാരമാർഗമാണെന്നും മോദി പറഞ്ഞു. പരിശോധനകളുടെ എണ്ണം കുറയ്ക്കരുത്. അഞ്ച് ശതമാനത്തിൽ താഴെ നിരക്ക് എത്തിക്കാൻ പരിശോധനകൾ വർധിപ്പിക്കണം. സംസ്ഥാനങ്ങൾ കൊവിഡ് പരിശോധനയ്ക്ക് മുൻഗണന നൽകണം. 70ശതമാനം ആർടിപിസിആർ ടെസ്റ്റുകൾ നടത്തണം. ആർടിപിസിആർ പരിശോധനകൾ വർധിപ്പിക്കുക തന്നെ വേണം. പരിശോധനകൾ കൂടുതൽ നടത്തേണ്ടത് കണ്ടെയ്ൻമെന്റ്‌ സോണിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സർവകക്ഷിയോഗം വിളിക്കാൻ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ വെബിനാറുകൾ നടത്തണം. നാം ഭയപ്പെടേണ്ടതില്ലെന്നും ഈ യുദ്ധം വീണ്ടും വിജയിക്കുക തന്നെ ചെയ്യുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

 

 

Top