എയര്‍ ഇന്ത്യയില്‍ വുഹാനിലെത്തിയ 19 ഇന്ത്യക്കാര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ചൈനയിലേക്കുള്ള വന്ദേ ഭാരത് മിഷന്‍ (വിബിഎം) വിമാനത്തിലെ 19 ഇന്ത്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ് നടത്തിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

യാത്രക്കാരെല്ലാം അംഗീകൃത ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. സര്‍ക്കാര്‍ പറയുന്ന എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും എയര്‍ ഇന്ത്യ കര്‍ശനമായി പാലിക്കുന്നുണ്ട്. എത്തിച്ചേരുന്ന വിമാനത്താവളങ്ങളിലെ നിബന്ധനകള്‍ അനുസരിക്കുകയും ചെയ്യുന്നുണ്ടെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച വുഹാനില്‍ എത്തിയ വിമാനത്തിലെ 19 യാത്രക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചൈനയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായി.
വിമാനത്തില്‍ എത്തിയ 277 യാത്രക്കാരില്‍ 39 പേര്‍ ലക്ഷണമില്ലാത്ത കോവിഡ് രോഗികളാണ്. പരിശോധനയില്‍ ഇവരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ കണ്ടെത്തി.

58 യാത്രക്കാരെ കോവിഡ് ആശുപത്രികളിലേക്കും ക്വാറന്റീന്‍ മേഖലകളിലേക്കും മാറ്റിയിട്ടുണ്ട്. ശേഷിക്കുന്ന യാത്രക്കാരെ ഹോട്ടലുകളില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Top