കൊവിഡ് മൂന്നാം തരംഗം; സര്‍ക്കാര്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗമുണ്ടായാല്‍ തന്നെ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്നാം തരംഗത്തെയോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയൊരു തരംഗം താനെയുണ്ടാവില്ലെന്നും കോവിഡ് നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയുടെ ഫലമായുണ്ടാവുന്നതാണെണെന്നും അറിഞ്ഞിരിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ കോവിഡ് ചികിത്സക്കയ്‌ക്കൊപ്പം കോവിഡേതര രോഗങ്ങള്‍ ചികിത്സിക്കാനും ശ്രദ്ധിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ച് വിവിധ തലങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ കോവിഡിതര രോഗികളെ പരിചരിച്ച് തുടങ്ങുന്നതാണ്. ഇതിനകം മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ സംവിധാനം കൂടുതല്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

അതേസമയം, കോവിഡ് വാക്‌സിന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന മുറക്ക് വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുത്തേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. അതിവ്യാപനമുള്ള ഡെല്‍റ്റാ വൈറസിന്റെ സാന്നിധ്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മറ്റൊരു ലോക്ഡൗണിലേയ്ക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇതുവരെ 1,12,12,353 ഡോസ് വാക്‌സിനാണ് ജൂണ്‍ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 5,24,128 പേര്‍ക്ക് ആദ്യ ഡോസും 4,06,035 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുന്‍നിര പ്രവര്‍ത്തകരില്‍ 5,39,624 പേര്‍ക്ക് ആദ്യ ഡോസും 4,03,454 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 68,14,751 പേര്‍ക്ക് ആദ്യ ഡോസും 14,27,998 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി. 18 മുതല്‍ 44 വയസ്സു വരെയുള്ള 10,95,405 പേര്‍ക്ക് ആദ്യ ഡോസും 958 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.

Top