ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കണം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വാക്‌സിനേഷന്‍ പുരോഗതിയും അവലോകന യോഗത്തില്‍ പ്രധാനമന്ത്രി വിലയിരുത്തി. ഉത്സവ സീസണായതിനാല്‍ കോവിഡ് വ്യാപനം കൂടാനിടയുണ്ടെന്ന വിദഗ്ധരുടെ നിര്‍ദേശത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കാനും ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കായുള്ള പീഡിയാട്രിക് വാര്‍ഡുകള്‍ വേഗത്തില്‍ സജ്ജീകരിക്കണം. ബ്ലാക് ഫംഗസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ഇതിനുള്ള മരുന്നുകള്‍ സംസ്ഥാനങ്ങള്‍ കരുതി വെക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഉത്സവകാലമായതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷം നടത്തണം. ആള്‍ക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍ പരിഗണിക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് വൈറസിന്റെ ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി പഠനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി രാജ്യത്ത് 28 ലാബുകള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

കൊവിഡ് ചികിത്സ മെച്ചപ്പെടുത്തുന്നതിന് ഐസൊലേഷന്‍ കിടക്കകള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് വെന്റിലേറ്ററുകള്‍ കൂടുതല്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വരും മാസങ്ങളില്‍ കൂടുതല്‍ ഐസിയു കിടക്കകളും ഓക്‌സിജന്‍ കിടക്കകളും സജ്ജമാക്കും. ഓക്‌സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്ക ണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രാജ്യം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തുന്നുണ്ട്. ഓഗസ്റ്റ് സെപ്തംബര്‍ കാലയളവില്‍ 180 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ രാജ്യത്തൊട്ടാകെ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഒരു ദിവസം ശരാശരി 68 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കപ്പെടുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.

Top