കോവിഡ് പ്രതിരോധം; ട്രംപ് ഭരണകൂടം പരാജയമെന്ന് ആന്റണി ഫൗചി

വാഷിങ്ടന്‍: കൊറോണ വൈറസിനെ ‘വെല്ലുവിളിച്ച്’ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ച് സാംക്രമികരോഗ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി. ഡോക്ടര്‍മാരെയും ശാസ്ത്രത്തെയും തിരസ്‌കരിച്ചും ഉയരുന്ന കോവിഡ് കണക്കുകള്‍ എടുത്തുകാണിക്കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചുമാണ് ട്രംപിന്റെ പ്രചാരണം.

മാസ്‌ക് ധരിച്ചതിന് എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡനെയും സ്വന്തം സംഘത്തിലെ ആരോഗ്യ വിദഗ്ധരെപ്പോലും കളിയാക്കുകയും ചെയ്തായിരുന്നു മാസങ്ങളോളം ട്രംപിന്റെ പ്രചാരണം.

സാംക്രമിക രോഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു പരിശീലനവും ലഭിക്കാത്ത ന്യൂറോ റേഡിയോളജിസ്റ്റിനെയാണ് ട്രംപ് കോവിഡ് പ്രതിരോധത്തിനായി നിയോഗിച്ചത്. അതിനാല്‍ തന്നെയാണ് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടം പരാജയമായിരുന്നെന്ന് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫിനു സമ്മതിക്കേണ്ടി വന്നതെന്നും ഫൗചി ചൂണ്ടിക്കാട്ടി.

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുമ്പോഴും വമ്പന്‍ റാലികള്‍ നടത്തിയാണ് ട്രംപ് ആരോഗ്യപ്രവര്‍ത്തകരെ വെല്ലുവിളിച്ചത്. അദ്ദേഹത്തിന്റെ പല തിരഞ്ഞെടുപ്പ് കൂട്ടായ്മകളിലും സാമൂഹിക അകലം പോലും പാലിക്കപ്പെട്ടിരുന്നില്ല. മാസ്‌ക് ധരിക്കാത്തവരുമായിരുന്നു ഏറെയും. ഡോക്ടര്‍മാര്‍ അനാവശ്യമായി കോവിഡ് കണക്കുകള്‍ പെരുപ്പിച്ചു കാട്ടുകയാണെന്നും ട്രംപ് വിമര്‍ശിച്ചു.

Top