കോവിഡ്: ജർമനിയിൽനിന്ന് മൊബൈൽ ഓക്സിജൻ പ്ലാന്റുകൾ ഇന്ത്യയിലെത്തിക്കും

ന്യൂഡൽഹി : രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ നിർമാണത്തിനായി പ്ലാന്റുകൾ എത്തിക്കാൻ പ്രതിരോധ മന്ത്രാലയം. ജർമനിയിൽനിന്ന് 23 മൊബൈൽ ഓക്സിജൻ പ്ലാന്റുകൾ ആകാശ മാർഗം ഇന്ത്യയിലെത്തിക്കും. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ രാജ്യം ഓക്സിജനില്ലാതെ ബുദ്ധിമുട്ടുന്ന  സാഹചര്യത്തിലാണ് അടിയന്തര തീരുമാനം.

ഓരോ പ്ലാന്റിലും മിനിറ്റിൽ 40 ലീറ്റർ ഓക്സിജൻ നിർമിക്കാൻ സാധിക്കും. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് ആശുപത്രികളിലായിരിക്കും പ്ലാന്റുകൾ സ്ഥാപിക്കുകയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് എ. ഭരത് ഭൂഷൺ ബാബു അറിയിച്ചു.

ഒരാഴ്ചയ്ക്കകം പ്ലാന്റുകൾ രാജ്യത്തെത്തുമെന്നാണു കരുതുന്നത്. തയാറെടുപ്പുകൾ പൂർത്തിയായാൽ വ്യോമ സേനയുടെ വിമാനം ജർമനിയിൽനിന്ന് പ്ലാന്റുകൾ ഇന്ത്യയിലെത്തിക്കും.വിദേശത്തുനിന്ന് കൂടുതൽ പ്ലാന്റുകൾ കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.

Top