കോവിഡ്; കേരള ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം അനിശ്ചിതത്വത്തില്‍

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച വൈകിട്ട് നടക്കാനിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം അനിശ്ചിതത്വത്തില്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ലബ് സിഇഒമാരുമായി ടൂര്‍ണമെന്റ് അധികൃതര്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.

നിലവിലെ സാഹചര്യത്തില്‍ മത്സരം മാറ്റാന്‍ സാധ്യതയില്ലെന്ന് ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് മാര്‍ക്കസ് മര്‍ഗുല്‍ഹൗ ട്വീറ്റ് ചെയ്തു. കോവിഡ് കാരണം ശനിയാഴ്ച നടക്കേണ്ട മോഹന്‍ ബഗാന്‍-ബംഗളൂരു എഫ്‌സി മത്സരം മാറ്റിവച്ചിരുന്നു.

ബഗാന്റെ രണ്ടാം മത്സരമാണ് ഇതേ കാരണത്താല്‍ മാറ്റിവയ്ക്കുന്നത്. നിരവധി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ഒഡിഷയ്‌ക്കെതിരെയുള്ള മത്സരത്തിന് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടീം ഒഫീഷ്യല്‍സില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു.

പരിശീലനമില്ലാതെ കളത്തിലിറങ്ങുന്നതിലെ ബുദ്ധിമുട്ട് കേരള കോച്ച് ഇവാന്‍ വുകോമനോവിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. താരങ്ങള്‍ക്ക് പരിക്കു പറ്റുമെന്ന് ഭയക്കുന്നതായും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top