കോവിഡ് വ്യാപനം; കേന്ദ്ര സംഘം ഇന്ന് ജില്ലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകള്‍ സന്ദര്‍ശിക്കും. ആറംഗ സംഘമാണ് പത്തുജില്ലകളിലെ സന്ദര്‍ശനത്തിന് എത്തിയത്. എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സാഹചര്യം വിലയിരുത്തുക. തിങ്കളാഴ്ച്ചയാണ് ആരോഗ്യവകുപ്പുമായുള്ള നിര്‍ണായക കൂടിക്കാഴ്ച്ച.

ഉന്നത ഉദ്യോഗസ്ഥരെയും ആരോഗ്യമന്ത്രിയെയും സംഘം കാണും. ആഘോഷ വേളകള്‍ വരാനിരിക്കെ നിയന്ത്രണങ്ങളിലും വ്യാപനം സംബന്ധിച്ചും സംഘം നല്‍കുന്ന നിര്‍ദേശം പ്രധാനമാണ്. സമ്പര്‍ക്ക പട്ടിക കണ്ടെത്തി വ്യാപനം തടയുന്നതില്‍ പാളിച്ചയുണ്ടായെന്ന് നേരത്തെ കേന്ദ്ര സംഘങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

രാജ്യത്തെ പ്രതിദിന രോഗബാധിതരില്‍ പകുതിയിലേറെയും കേരളത്തിലാണ്. നാല് ദിവസമായി ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികള്‍. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും.10 ജില്ലകളില്‍ സന്ദര്‍ശനം നടത്താനാണ് തിരുമാനം.

Top