ചൈനയിലെ കൊവിഡ് വ്യാപനം; 47 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ബെയ്ജിങ്: ചൈനയിലെ അടുത്തിടെ ഉണ്ടായ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിച്ചതിന് 47 ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈന നടപടിയെടുത്തതായി റിപ്പോര്‍ട്ട്. പ്രാദേശിക ഭരണകൂടത്തിന്റെ തലവന്മാരും ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നവരും വിമാനത്താവള ജീവനക്കാരും നടപടി നേരിട്ടവരില്‍ ഉണ്ടെന്നാണ് വിവരം.

ചിലരെ കസ്റ്റഡിയിലെടുക്കുകയും മറ്റ് ചിലരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് രോഗ വ്യാപനം ഉണ്ടാകാന്‍ കാരണമെന്നാണ് അധികൃതരുടെ നിലപാട്. അതേ സമയം ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും പിടിമുറുക്കിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.

രാജ്യതലസ്ഥാനമായ ബെയ്ജിങില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗസാദ്ധ്യത കൂടുതലുളള മേഖലയിലെ ജനങ്ങള്‍ക്ക് ട്രെയന്‍, ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ നല്‍കില്ല. ഹെല്‍ത്ത് കോഡ് വഴിയാണ് യാത്രകള്‍ ക്രമീകരിക്കുന്നത്. രോഗവ്യാപനം കൂടുതലുളള മേഖലയില്‍ മഞ്ഞ കോഡും കുറവുളള മേഖലയില്‍ പച്ച കോഡും നല്‍കി.

ഇതില്‍ പച്ച കോഡുളള ആളുകള്‍ക്ക് മാത്രമാണ് യാത്രാനുമതി. 15 സിറ്റികള്‍ വഴിയുള്ള വിമാന യാത്രകള്‍ നിരോധിച്ചതായും ഹോട്ട് സ്‌പോട്ടുകളായ 15 നഗരങ്ങളില്‍ വിമാനങ്ങള്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയതായി ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Top