കൊവിഡ് 19; സര്‍വകലാശാല പരീക്ഷ മാറ്റണം: കെ. സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍വകലാശാലകള്‍ അടിയന്തരമായി പിന്മാറണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി.

വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നല്കിയിട്ടില്ല. ഇത് സര്‍ക്കാരിന്റെ അതീവഗുരുതരമായ വീഴ്ചയാണ്. വൈകുന്നേരങ്ങളില്‍ ചാനലുകളില്‍ വന്ന് ഗീര്‍വാണം മുഴക്കുന്ന മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുടെ ആശങ്കയും ജീവഭയവും കണ്ടില്ലെന്ന് നടിച്ചാണ് പരീക്ഷകള്‍ക്ക് പച്ചക്കൊടി കാട്ടുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിരിക്കുകയും ഡെല്‍റ്റാ വകഭേദം പടരുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍. ലോക്ക് ഡൗണ്‍ നിയന്ത്രണം തുടരുന്നതിനാല്‍ യാത്രാസൗകര്യവുമില്ല. എന്നിട്ടും കണ്ണൂര്‍ സര്‍വകലാശാല 30 മുതല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

കോഴിക്കോട് സര്‍വകലാശാല നാലും അഞ്ചും സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിക്കാതെ ആറാം സെമസ്റ്റര്‍ പരീക്ഷ നടത്താനൊരുങ്ങുന്നു. സര്‍ക്കാരും സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സുധാകരന്‍ വ്യക്തമാക്കി.

Top