kottiyoor-rape-case-dna report

പേരാവൂര്‍: കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു.

മുഖ്യപ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധിച്ചത്. ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് പൊലീസിനും കോടതിക്കും ലഭിച്ചു. കേസന്വേഷണത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് വൈദികന്റെ ഡി.എന്‍.എ.പരിശോധന ഫലം.

പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പേരാവൂര്‍ എസ്.ഐ.പി.കെ.ദാസ് അനാഥമന്ദിരത്തിലെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ പട്ടുവത്തെ അനാഥമന്ദിരത്തില്‍ പോലീസ് സംരക്ഷണയിലാക്കുകയും ചെയ്തു.

പ്രതിയെ രക്ഷിക്കാന്‍ വൈത്തിരി അനാഥാലയത്തില്‍നിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങള്‍ക്കും ഡിഎന്‍എ പരിശോധനാഫലം വന്നതോടെ അന്ത്യമായി.

പേരാവൂര്‍ സി.ഐ. എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മുഴുവന്‍ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്ത പോലീസ് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. കേസിലെ പ്രതികളുടെ കോള്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ച പോലീസ് സംഭവത്തില്‍ പ്രതികളുടെ പങ്കിനെക്കുറിച്ച് വിശദമായ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു.

ഇരിട്ടി ഡി.വൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിന്റെ കീഴില്‍ പേരാവൂര്‍ സി.ഐ.എന്‍. സുനില്‍ കുമാര്‍, കേളകം എസ്.ഐ. ടി.വി. പ്രജീഷ്, പേരാവൂര്‍ എസ്.ഐ. പി.കെ.ദാസ്, എസ്.ഐ.കെ.എം. ജോണ്‍, എസ്.ഐ. പി.വി. തോമസ്, സി.പി.ഒമാരായ ക.വി.ശിവദാസന്‍,എന്‍.വി.ഗോപാലകൃഷ്ണന്‍, റഷീദ, ജോളി ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Top