കൊട്ടിയൂരില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കണ്ണൂര്‍:ബെംഗളൂരുവിലുള്ള താമസമാക്കിയ മലയാളി ദമ്പതിമാരെ കൊട്ടിയൂര്‍ അമ്പായത്തോടിനു സമീപം ഷെഡ്ഡില്‍ കെട്ടിയിടുകയും ഭാര്യയെ മൂന്നുദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ദമ്പതിമാരുടെ പേരിലുള്ള നാലേക്കര്‍ സ്ഥലത്തെ ഷെഡ്ഡില്‍വെച്ചാണ് സംഭവം.പ്രതികള്‍ അഞ്ചുപേരുള്ളതായി പരാതിയില്‍ പറയുന്നു. 19ന് പുലര്‍ച്ചെ സ്ത്രീയുടെ ഭര്‍ത്താവ് ഷെഡ്ഡില്‍നിന്ന് രക്ഷപ്പെട്ട് അടുത്തവീട്ടിലെത്തി കാര്യങ്ങള്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവത്തിനുശേഷം മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈ.എസ്.പി.ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കേളകം പൊലീസ് കേസെടുത്തു. അമ്പായത്തോട്ടില്‍ ദമ്പതിമാര്‍ നാലേക്കര്‍ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താന്‍ തൊട്ടില്‍പ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോന്‍ അനുമതിയും നല്‍കി. ജിഷ്‌മോനെതിരേ പല കേസുകളും ഉണ്ടെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയ ശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ പൊലീസില്‍ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്‌മോനും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിട്ടു. മര്‍ദ്ദിച്ചതിനു പുറമേ മൊബൈല്‍ ഫോണും എ.ടി.എം. കാര്‍ഡും കൈക്കലാക്കി. തുടര്‍ന്ന് ഷെഡ്ഡില്‍വെച്ച് ജിഷ്‌മോന്‍ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ജിഷ്‌മോന്‍ ബെംഗളൂരുവിലെത്തി തങ്ങളുടെ ആഡംബരക്കാറും കവര്‍ന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്തു.

Top