കൊട്ടിയം കേസ്; നടി ലക്ഷ്മി പ്രമോദിനെ സീരിയലില്‍ നിന്ന് ഒഴിവാക്കി

കൊല്ലം: കൊട്ടിയം കേസില്‍ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദിനെ സീരിയലില്‍ നിന്നും ഒഴിവാക്കി. റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി.

തങ്ങളുടെ മകളുടെ മരണത്തില്‍ ലക്ഷ്മിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് റംസിയുടെ വീട്ടുകാര്‍ ആരോപിക്കുകയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ലക്ഷ്മിയെ സീരിയലില്‍ നിന്നും ഒഴിവാക്കിയെന്നും മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ചാനലുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

സെപ്റ്റംബര്‍ മൂന്നിന് വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിയായ റംസി തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഹാരിസ് റംസിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയും അതില്‍ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെ ലക്ഷ്മിയേയും ഭര്‍ത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Top