കൊറോണ ഭീതിക്കിടെ എംജി പരീക്ഷകള്‍ക്ക് തുടക്കം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കോട്ടയം: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടെ എംജി സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് തുടക്കം.

എംജി സര്‍വകലാശാല ഡിഗ്രി ആറാം സെമസ്റ്റര്‍ പരീക്ഷകളാണ് ആരോഗ്യ വകുപ്പിന്റെ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടക്കുന്നത്. മാസ്‌കും സാനിറ്റൈസറും വിദ്യാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്ന ചില കോളേജ് അധികൃതരുടെ നിര്‍ദേശം പല കോളേജുകളിലും പ്രതിഷേധത്തിനിടയാക്കി.

കൊറോണ ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദ്ദേശമാണ് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനകളും മുന്നോട്ടുവച്ചത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പരീക്ഷയുമായി മുന്നോട്ടു പോകാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം, വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും പരീക്ഷ കഴിഞ്ഞാലുടന്‍ വീട്ടിലേക്ക് മടങ്ങണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് മിക്ക ഹോസ്റ്റലുകളും അടച്ചുപൂട്ടിയതിനാല്‍ പരീക്ഷ എഴുതാന്‍ ദുരെ നിന്ന് വന്ന കുട്ടികള്‍ എവിടെ താമസിക്കും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഇല്ല. എന്നാല്‍ ഹോസ്റ്റലുകള്‍ തുറന്നു കൊടുക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top