ശമ്പള പ്രതിസന്ധി; കോട്ടയത്ത്‌ സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കില്‍

കോട്ടയം: സൊമാറ്റോയിലെ തൊഴിലാളികള്‍ പണിമുടക്കില്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയില്‍ വേതനം കുറച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഡെലിവറി നിര്‍ത്തിവച്ചത്. അതേസമയം പണിമുടക്കിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിതരണം നിര്‍ത്തി വച്ചാല്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് കമ്പനി അധികൃതരുടെ ഭീഷണി.

ഊബര്‍ ഈറ്റ്‌സ് സൊമാറ്റോ ഏറ്റെടുത്തതോടെയാണ് ശമ്പള പ്രതിസന്ധി രൂക്ഷമായത്. ഒരു വിഭവം ഉപഭോക്താവിനെത്തിക്കുമ്പോള്‍ ഊബര്‍ ഈറ്റ്‌സ് നാല്‍പ്പത് രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇത് സൊമാറ്റോ നേര്‍ പകുതിയായി കുറച്ചതാണ് പ്രതിഷേധത്തിന് കാരണം.

ഒരേ റൂട്ടില്‍ ഒന്നിലധികം ഡെലിവറികള്‍ ലഭിച്ചാലും മുമ്പ് കിട്ടിയിരുന്ന വേതനം നിലവില്‍ നല്‍കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇന്ധന ചെലവുകള്‍ കൂടി നോക്കുമ്പോള്‍ വിതരണത്തിനിറങ്ങുന്നത് ലാഭകരമല്ലെന്നാണ് പരാതി. കോട്ടയത്ത് നിലവില്‍ അറുന്നൂറ് തൊഴിലാളികളാണ് സൊമാറ്റേയ്ക്ക് കീഴിലേക്ക് മാറിയത്. വേതനം വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം.

Top