കൊറോണ; കോട്ടയം മെഡിക്കല്‍ കോളേജില്‍ 3പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ള 3 പേര്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. മൂന്ന് പേരും ഇറ്റലിക്കാര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശികളാണ്.
ഇവരില്‍ രണ്ട് പേരെ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ ഇരുന്നവരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ അഞ്ചുപേര്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് രോഗം ബാധിച്ച് റാന്നിയിലെത്തിയവരുടെ ബന്ധുക്കളാണ് ഇവര്‍. ഇന്നലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില തൃപ്തികരമാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുള്ള അഞ്ചുപേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് വലിയ ആശ്വാസം നല്‍കുന്നുവെന്നും വൈകുന്നേരത്തോടെ ബാക്കിയുള്ളവരുടെ ഫലം ലഭിക്കുമെന്നും കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

അതേസമയം, ഇറ്റലിയില്‍ നിന്നെത്തിയ 42 പേരില്‍ പത്തുപേരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റുള്ളവര്‍ ആലുവ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കോട്ടയത്ത് ചികിത്സയിലുളള വൃദ്ധ ദമ്പതികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Top