നാട്ടില്‍ പോകണം; പായിപ്പാട് തെരുവിലിറങ്ങി പ്രതിഷേധിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍

കോട്ടയം: കൊറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ഡൗൺ വിലക്ക് ലംഘിച്ച് കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടം കൂടി പ്രതിഷേധിക്കുന്നത്.

ഈ ആളുകള്‍ തടിച്ചുകൂടി പ്രതിഷേധിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്. തങ്ങള്‍ക്ക് പോകാന്‍ വാഹനം ഏര്‍പ്പാടാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്.

നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധിക്കുന്നത് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്.

ജില്ലാ കളക്ടര്‍ ഉടന്‍ സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെ എല്ലാ സൗകര്യവും ഒരുക്കിയിരുവെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്ക് പോകണമെന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചവരില്‍ കോട്ടയം സ്വദേശികളുമുണ്ട്. വൈറസ് വ്യാപനം തടയുന്നതിന് ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകുന്നതിനിടയിലാണ് ഗുരുതരമായ ഈ സംഭവം അരങ്ങേറിയത്.

Top