കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം 118 പേര്‍ക്ക്

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 118 പേര്‍ക്കു കൂടി. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോവിഡ് മുക്തരായി ആശുപത്രി വിട്ടു. നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തരായി. കോട്ടയത്ത് ഒരു ദിവസം 100 രോഗികള്‍ കടക്കുന്നത് ഇതാദ്യമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 118 ല്‍ 116 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഏറ്റുമാനൂരാണ് ഏറ്റവും രൂക്ഷമായി രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ജനറല്‍ ആശുപത്രി രണ്ട് വാര്‍ഡുകള്‍ അടച്ചു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ കോവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ വിപുലമായ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായതോടെ ഏറ്റുമാനൂരിലെ ചെറുകിട വ്യാപാരികളെയും, ജീവനക്കാരെയും, ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും അടക്കം പരിശോധനയ്ക്ക് വിധേയമാകും.

Top